Tuesday, July 5, 2011

ഗണപതിയും പാറ്റഗുളികയും

3വയസ്സുകാരിയുടെ കൂടെ ചെസ്സ്‌ കളിക്കുന്നത് തീരെ സഹിക്കാന്‍ പറ്റാത്ത കാര്യമാണ്..വാവാച്ചിയുടെ വാശിക്കു വഴങ്ങി അവളുടെ കൂടെ ചെസ്സ്‌ കളിക്കുമ്പോള്‍, ടി.വിയിലും ടീപോയിലും അപ്പുറത്തിരിക്കുന്ന ഗണപതിയുടെ രൂപത്തിലും ഒക്കെ പൊടി പറ്റിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു..ലക്ഷ്മിയെ മനസ്സില്‍ പ്രാകി.
അമ്മേ ചെക്ക്‌..
റാണിയുടെ അടുത്ത് തേര് വച്ചിട്ടാണ് അവളുടെ ഒരു ചെക്ക്‌..രാജാവ് ഒരു അര കിലോമീറ്റര്‍ അപ്പുറത്ത് ചുമ്മാ ഇരിക്കുന്നു..റാണിയും രാജാവും പോലും തിരിച്ചറിയാന്‍ കഴിയാത്ത വാവാച്ചിയുടെ കൂടെ ചെസ്സ്‌ കളിക്കുന്ന എന്നെ ഓര്‍ത്തു എനിക്ക് തന്നെ ചിരി വന്നു.
പുറത്തു അമ്മയുടെ ശബ്ദമാണോ?? അമ്മയെന്താ പെട്ടെന്ന് വിളിക്കാതെ വന്നത് എന്നോര്‍ത്ത്, ചെറിയൊരു പരിഭ്രമത്തോടെയാണ് ഞാന്‍ കതകു തുറന്നത്..അമ്മയുടെ മുഖം കണ്ടപ്പോള്‍ തന്നെ എന്‍റെ ടെന്‍ഷന്‍ ഒക്കെ പോയി..ഒരു കുഴപ്പവും ഇല്ല..മകളെയും കൊച്ചുമകളെയും കാണാന്‍ വന്നതാണ്‌..ഞാന്‍ എന്തൊരു പേടിച്ചുതൂറിയാണ്..സില്ലി ഗേള്‍ള്‍ള്‍ള്‍..ഏതോ സിനിമയിലെ ഡയല്ലോഗിന്റെ സ്റ്റൈലില്‍ പ്രസാദ്‌ഏട്ടന്‍ എന്നെ വിളിക്കുന്നത്‌ ഓര്‍മവന്നു..
അമ്മയുടെ കയ്യില്‍ പിടിച്ചു അകത്തേക്ക് നടന്നപ്പോള്‍,എന്താ മോളേ, എത്ര ദിവസമായി ഇവിടെ മുറ്റം അടിച്ചിട്ട്??.
ലക്ഷ്മി ഒരാഴ്ചയായി പണിക്ക് വന്നിട്ട് എന്ന് പറയാന്‍ പോയില്ല..കോളേജ് പ്രോഫസ്സറായിരുന്ന അമ്മ പണ്ട് രാവിലെ അച്ഛന്‍റെയും ഞങ്ങള്‍ രണ്ട് പിള്ളേരുടെടെയും കാര്യങ്ങളും, ഫുഡും ഒക്കെ ശരിയാക്കുമ്പോള്‍ തൂക്കാന്‍ എങ്ങനെ സമയം കിട്ടിയെന്നു എനിക്ക് ഇപ്പോളും അറിയില്ല..അങ്ങനെ ഉള്ള അമ്മയുടെ അടുത്ത് ലക്ഷ്മിയുടെ കാര്യം പറഞ്ഞു തലയൂരാന്‍ എന്‍റെ അഭിമാനം അനുവദിച്ചില്ല..ഒരു എം.സി.എക്കാരി വീട്ടമ്മയുടെ ദുരഭിമാനം.
വാവയ്ക്ക് കൊണ്ട് വന്ന മുട്ടായിയില്‍ നിന്നോരെണ്ണം എനിക്ക് തന്നപ്പോള്‍, എന്തോ വല്യ അന്യായം നടന്ന ഭാവത്തോടെ വാവാച്ചി ഒരു നോട്ടം..ഞാനും വിട്ടില്ല, കണ്ണുരുട്ടി കാണിച്ചു..അമ്മ അടുത്തുള്ളപ്പോള്‍  ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ പുഞ്ചയും വാശിയും ഒക്കെ കാണിക്കും..അപ്പോള്‍ ഞാനും വാവാച്ചിയും കൊച്ചുകുട്ടികളാണ്..അമ്മ ഞങ്ങള്‍ രണ്ട് പേരുടെയും അമ്മയും.
അമ്മ അകത്തേയ്ക്ക് പോയപ്പോള്‍ അമ്മയുടെ മണം എനിക്ക് വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടാക്കി.
കൊട്ടന്‍സാരിയില്‍ കഞ്ഞിപശയുടെ  മണമാണോ അതോ അലമാരയില്‍ ഇരുന്ന പാറ്റഗുളികയുടെ നാറ്റമാണോ..മണമായാലും നാറ്റമായാലും  എനിക്കീ അസ്വസ്ഥത ഒരു സുഖമാണ്..
പാവം ഉണ്ണി, പണ്ട് അമ്മയ്ക്ക്‌ കോളേജ് കുട്ടികളുടെ കൂടെ ടൂര്‍ പോകേണ്ടി വന്നപ്പോള്‍ അമ്മയുടെ സാരിയും കെട്ടിപിടിച്ചു അവന്‍ ഉറങ്ങിയ കാര്യം തലയില്‍ വന്നു..ആ സുന്ദരമായ സീന്‍ കണ്ടിട്ടില്ലെങ്കിലും
ഒരു ചിത്രം എങ്ങനെയോ മനസ്സില്‍ വന്നുപോയി..
ഉണ്ണിയെ വിളിച്ചിട്ട് കുറെ ദിവസം ആയി..
ഞാന്‍ പറഞ്ഞു, അമ്മേ ലക്ഷ്മി നാളെ വരും അമ്മ തൂക്കേണ്ട..
പക്ഷെ അതൊന്നും കേള്‍ക്കാതെ ആ മണവും പരത്തിക്കൊണ്ട് അമ്മ പുറത്തേക്കു പോയി..സിറ്റ്ഔട്ട്‌ തുടങ്ങി മാവിന്‍റെയും, പുളിയുടെയും സൈഡില്‍ക്കൂടി ഒരു റാപിഡ്റൗണ്ട് മുറ്റംമടി..യാതൊരു ചമ്മലും കൂടാതെ അമ്മയുടെ കൂടെ ഞാനും വാവാച്ചിയും ഒരു നടത്തവും നടത്തി..

തിരിച്ചു ഡൈനിങ്ങ്ഹാളില്‍ എത്തിയപ്പോ അവിടെ ഇരിക്കുന്ന ഗണപതിയുടെ രൂപം കണ്ട് അമ്മ ഞെട്ടിയോന്നൊരു  സംശയം...
ഗണപതിയുടെ പ്രതിമയില്‍ വാവാച്ചിയുടെ ക്രയോണ്‍ കൊണ്ടുള്ള ഡിസൈന്‍..മഞ്ഞ കണ്ണും, പച്ച മുഖവും..അന്നേ ചേട്ടന്‍ പറഞ്ഞതാണ്‌ പ്ലാസ്റ്റര്‍ ഓഫ് പാരിസ് സാധനങ്ങള്‍ വാങ്ങല്ലേ എന്ന്..പക്ഷെ അത് കണ്ടപ്പോള്‍ വാങ്ങാന്‍ തോന്നി..പണ്ട് മൈതാനത്തിന്‍റെ ചുറ്റും തമ്പടിച്ചു  പ്ലാസ്റ്റര്‍ കൊണ്ട് പല പല രൂപങ്ങള്‍ ഉണ്ടാക്കുന്ന തമിഴന്മാരുടെ കാര്യം ഓര്‍മ്മ വന്നതയിരുന്നോ എന്തോ..ഗണപതിയുടെ കോലം കണ്ടപ്പോ അമ്മ അതെടുത്ത്, ആരെങ്കിലും വന്നാല്‍ ഇത് കാണില്ലേയെന്നും പറഞ്ഞ് അകത്തെ, കമ്പ്യൂട്ടര്‍ ഇരിക്കുന്ന റൂമില്‍ കൊണ്ട് പോയി വച്ചു..
ഞാനെന്തൊരു ജന്തുവാണ്..ഇത്ര ദിവസവും അത് ഇവിടെ ഇരുന്നു..ഒരിക്കല്‍ പോലും അത് അപ്പുറത്തെ റൂമില്‍ കൊണ്ടുവയ്ക്കാന്‍ എനിക്ക് തോന്നിയിലെല്ലോ(വീണ്ടും സില്ലി ഗേള്‍ ഓര്‍മ വന്നു).
ഉണ്ണി വിളിച്ചോയെന്നു  അമ്മ ചോദിച്ചു..ഇല്ലായെന്നു പറയുമ്പോള്‍ ഞാന്‍ അവനെ അങ്ങോട്ട്‌ വിളിച്ചില്ലയെന്ന യാതൊരു കുറ്റബോധവും തോന്നിയില്ല..ഛെ ഞാനെന്തൊരു ചേച്ചിയാണ്..ഇന്നെന്തായാലും അവനെ വിളിക്കണം..
ഹൂം യെന്താ വല്ലാത്തൊരു നാറ്റം..ഹൂം പാറ്റഗുളികയലല്ലോ..
അകത്തെ മുറിയിലേക്ക് കേറിയപ്പോ എന്‍റെ ബ്ലൌസും കെട്ടിപിടിച്ചു വാവാച്ചി ഉറങ്ങുന്നു..
എന്തോ കത്തുന്ന മണം..
അമ്മാ അമ്മച്ചീയെന്നു വിളിച്ചു വല്ലാത്തൊരു പേടിയോടെ ഡൈനിങ്ങ്‌ ഹാളില്‍ ചെന്നപ്പോള്‍ ഗണപതി പ്രതിമ അവിടെ തന്നെയിരിക്കുന്നു..പേടിച്ചാണ് ഉറക്കം എഴുനേറ്റത്..വാവാച്ചി എന്‍റെ കണ്‍പോളയില്‍ പിടിച്ചു കണ്ണ് തുറക്കാന്‍ ശ്രമിക്കുന്നു..ഉണര്‍ന്നു എന്ന് കണ്ടപ്പോ, ആദ്യത്തെ ഡയലോഗ്.."വാവാച്ചി ശൂശൂ പോണം"..
ഉറക്കം എഴുനെല്‍ക്കുന്നയുടനെ കട്ടിലില്‍ നിന്നിറങ്ങാതെ, കണ്ണടച്ച് കുറച്ചു നേരം കൂടി കിടന്നാല്‍ കണ്ട സ്വപ്നം നന്നായി ഓര്‍മ നില്‍ക്കുമെന്ന് പണ്ട് എവിടെയോ(ബാലരമ അല്ലെങ്കില്‍ പൂമ്പാറ്റ) വായിച്ചിട്ടുണ്ട്.
കുറച്ചു നേരം കൂടി  കണ്ണടച്ച് കിടന്നു..അമ്മയുടെ മണം ഇപ്പോഴും കിട്ടുന്നുണ്ട്‌..മണം മാക്സിമം വലിച്ചെടുക്കാന്‍ ഞാന്‍ ശ്വാസം പിടിച്ച് കിടന്നു.വാവാച്ചി കണ്ണ്  തുറക്കാന്‍ ശ്രമിക്കുന്നു..
അല്ല, ആ മണം കഞ്ഞിപഷയല്ല പാറ്റ ഗുളിക തന്നെ..

No comments: